2013, ഫെബ്രുവരി 18, തിങ്കളാഴ്‌ച

"ഭ്രാന്ത്‌ വരുത്താനുള്ള മരുന്നുണ്ടോ ഡോക്ടറെ"


“ഭ്രാന്ത് വരുത്താനുള്ള മരുന്ന് വല്ലോമൊണ്ടോ ഡോക്ടരേ”
പതിനഞ്ചു വര്‍ഷം മുന്‍പ്‌ നിന്നുള്ള അനിരുദ്ധന്റെ ഈ ചോദ്യം
അന്നേ എനിക്കൊരു തമാശയായി കരുതാമായിരുന്നു.
 പക്ഷേ;
 അയാളുടെ തിളങ്ങുന്ന കണ്ണുകള് ഇതൊരു തമാശയല്ലെന്ന്
 പറഞ്ഞു കൊണ്ടേയിരുന്നു.
 മാത്രമല്ല; ഇന്നത്തെ പോലെ തന്നെ അന്നും
 അനിരുദ്ധനെ ഒരു തമാശക്കരനയിതോന്നിയില്ല

തന്റൊപ്പം പ്രായമുള്ളവന്‍ ഡോക്ടറായി ഞെളിഞ്ഞപ്പോള്‍,
കുശുമ്പ് മൂത്ത് പരീക്ഷിക്കുകയാണെന്നും തോന്നാമായിരുന്നു.
പക്ഷേ;
എന്‍റെ ഉയരവും  നിറവുമുള്ളവന്‍;
    എന്‍റെ പോലെ മീശ മുറിച്ചവന്‍
    എന്റേതു പോലെ ഷര്‍ട്ട്‌ ടക്ക് ഇന്‍ ചെയ്തവന്‍
നെറ്റിയിലെ മായാമുദ്ര പോലത്തെ മുറിപ്പാടിനാല്‍ മാത്രം
എന്നില്‍ നിന്നു വേറിട്ട്‌ നിന്നവന്‍.;
അവന്‍ എന്തിനാണ്  എന്റെ പരീക്ഷകന്‍ ആവുന്നത്?

ആരും  വരാതിരുന്ന എന്റെ ചെറിയ ക്ലിനിക്കിലേക്ക്
അയാള്‍ മാത്രം സ്ഥിരമായി വന്നിരുന്നത്
ഒരിക്കലീ ചോദ്യം എന്റെ നേര്‍ക്കയക്കുവാന്‍ വേണ്ടി
മാത്രമയിരുന്നിരിക്കുമോ?
ആര്‍ക്കറിയാം.

അന്ന് വരെ കണ്ട ഓരോ ഡോക്ടറോടും അനിരുദ്ധന്‍
ഈ ചോദ്യം ചോദിച്ചിരുന്നുവെന്ന് വരുമോ?
അവരൊക്കെ അനിരുദ്ധനെ വലിയ തമാശക്കാരനായി  കരുതിയെന്നും?
അതോ,
ഇനി എന്നോട് മാത്രമാണോ?
ആര്‍ക്കറിയാം..

അല്ലെങ്കില്‍;
അയാളെ പോലെ ഞാനുമീ ചോദ്യം കാലങ്ങളായി
മനസ്സില്‍ സൂക്ഷിക്കുന്നുവെന്നു മനസ്സിലാക്കി
വെറും,വെറുതെ
ഒരു ചോദ്യമങ്ങുന്നയിച്ചെക്കാമെന്ന്
നിനച്ചു വന്നതാകുമോ?
അതും,
ആര്‍ക്കറിയാം.

അറിയവുന്നതിതാണ്;
അനിരുദ്ധനെ അന്വേഷിക്കുക
എന്റെ ബാധ്യതായി മാറിയത്
അന്നാണ്;
അന്ന് മുതലാണ്.

ആദ്യം ആലോചിച്ചതിങ്ങനെ:

ജീവിതം മടുത്ത് മടുത്ത് ഭ്രാന്തായിപ്പോയിരുന്നെങ്കിലെന്നു ആത്മാര്‍ഥമായി
ആഗ്രഹിച്ച ഒരു വെറും പാവമായിരുന്നോ അനിരുദ്ധന്‍?
പക്ഷേ,

  ഒന്നാന്തരമൊരു ജോലിയും സ്നേഹം തുളുമ്പുന്ന വീടും
പുതിയ ബുള്ളറ്റ് ബൈക്കും ഒരാള്‍ക്ക് ഭാരമാവുന്നതെങ്ങനെയാണ്?

ഇനി ചിലപ്പോള്‍;

പ്രണയം തകര്‍ന്നും മരണം ഭയന്നും ഭ്രാന്തില്‍ അഭയം തേടാം
എന്ന് കരുതിയ ഒരു പാവം വിഡ്ഢിയായിരുന്നോ അനിരുദ്ധന്‍?
പക്ഷേ,
നസീമയെന്ന പെണ്‍കുട്ടിയെ സ്നേഹിച്ച് കല്യാണം കഴിച്ചതിന്റെ വിരുന്നുസല്‍ക്കാരക്കുറിപ്പ് എനിക്കും വന്നതായിരുന്നല്ലോ.

ഇനി ചിലപ്പോള്‍;

പകല്‍വെട്ടത്തില്‍ വിളക്കുമായി മനുഷ്യനെ തിരഞ്ഞവനെപ്പോലെ
ആര്‍ക്കോ വേണ്ടി കുരിശേറിയവനെപ്പോലെ
ഒരു തത്വചിന്തകനായിരുന്നോ അനിരുദ്ധന്‍?
പക്ഷേ;
ബുള്ളറ്റിന്റെ പെട്രോളൂറ്റിയതിനു അയല്‍പക്കത്തെ ചെക്കനെ
അവന്‍ തെറി വിളിക്കുന്നത് ഞാനും കേട്ടതായിരുന്നല്ലോ.
തത്വചിന്തകന്മാര്‍ അങ്ങനെ തെറി വിളിക്കുമോ?
(അതും ബുള്ളറ്റിന്റെ പെട്രോള്‍ ഊറ്റിയതിനും മറ്റും!)

 ഇനി ചിലപ്പോള്‍;
കൗമാരതിലെന്നോ രണ്ടു ദിവസം വിരുന്നു പാര്‍ക്കാന്‍ വന്ന്
ആനന്ദത്തിന്റെ മൂര്‍ഛയണിയിച്ച ഉന്മാദത്തെ
അന്നു മുതലിന്നോളം വിരഹത്തോടെ പിന്തുടര്‍ന്നവനാകുമോയിവന്‍?
ചിലപ്പോളായിരിക്കാമല്ലേ?
എന്നെ പോലെ തന്നെ!

ഒരു പക്ഷേ;
    ശുദ്ധമായ വിഭ്രാന്തിയുടെ നിറവ്
    മരുന്നും മദ്യവും വെളുത്ത പുകയും
    തരില്ലെന്ന് വര്‍ഷങ്ങളിലൂടെ തിരിച്ചറിഞ്ഞവന്‍?
ചിലപ്പോളായിരിക്കാമല്ലേ?
എന്നെ പോലെ തന്നെ!

ഒരു പക്ഷേ;
വരുമെന്ന് പറഞ്ഞു മടങ്ങിപ്പോയവളെ
കാത്തിരുന്ന് മുഷിഞ്ഞപ്പോള്‍
വിളിച്ച്ചിറക്കിപോരാന്‍ മരുന്നന്വേഷിച്ചവന്‍?
അതെ,
എന്നെ പോലെ തന്നെ!


ഏതായാലുമിന്നു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം
അനിരുദ്ധനെ കണ്ടു.
അനിരുദ്ധന്‍ ഭ്രാന്തന്‍ ആയില്ല
ഭ്രാന്ത് വരുത്താനുള്ള മരുന്നും കിട്ടിയില്ല.
അതെ,
എന്നെ പോലെ തന്നെ!
അല്ല,
ഞാന്‍ തന്നെ!

3 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2013, മേയ് 7 9:43 PM

    അനിരുദ്ധനും എഴുത്തുകാരനും ഒന്നാണോ എന്നാ ചോദ്യം ബാക്കിയാകുന്നത്
    ആല്‍ബിയെ അറിയാത്തവര്‍ക്ക്
    കൂട്ടത്തില്‍ അജ്ഞാതനായി ഞാനും (അറിയാത്തവര്‍ക്കൊപ്പം)

    nota bene
    (ഇത് വീണ്ടും നോക്കുമ്പോള്‍ എനിക്ക് തിരിച്ചറിയാന്‍ ഒരു അടയാളം; നീക്കപ്പെട്ടില്ലെങ്കില്‍ , അനിരുദ്ധന്‍ നല്ലൊരു മനുഷ്യനായിരിക്കട്ടെ തുടര്‍ന്നും)
    --
    jak

    മറുപടിഇല്ലാതാക്കൂ